National
ന്യൂഡൽഹി: സമൂഹമാധ്യമത്തിൽ ചരിത്രം സൃഷ്ടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻസ്റ്റഗ്രാമിൽ പത്തു കോടി ഫോളോവേഴ്സുള്ള ലോകത്തിലെ ആദ്യത്തെ രാഷ്ട്രീയ നേതാവായി മോദി മാറി. ആഗോളതലത്തിൽ തന്റെ ഡിജിറ്റൽ സ്വാധീനം വീണ്ടും ഉറപ്പിക്കുന്നതാണ് പ്രധാനമന്ത്രിയുടെ അപൂർവ നേട്ടം.
2014-ൽ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ച മോദി പത്തു വർഷത്തിനിടെ വൻ ജനപ്രീതിയാണു സ്വന്തമാക്കിയത്. ഔദ്യോഗിക പരിപാടികൾ, വിദേശ സന്ദർശനങ്ങൾ, സാംസ്കാരിക രംഗങ്ങൾ എന്നിവയ്ക്കൊപ്പം തന്റെ വ്യക്തിപരമായ വിശേഷങ്ങളും അദ്ദേഹം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. യുവാക്കളുമായി നേരിട്ടു സംവദിക്കാനുള്ള പ്രധാനമന്ത്രിയുടെ ശൈലിക്ക് വലിയ സ്വീകാര്യതയാണുള്ളത്.
കണക്കുകളനുസരിച്ച് മറ്റു ലോക നേതാക്കളേക്കാൾ ബഹുദൂരം മുന്നിലാണ് മോദിയുടെ ജനപ്രീതി. രണ്ടാം സ്ഥാനത്തുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് 4.32 കോടി ഫോളോവേഴ്സ് മാത്രമാണുള്ളത്. അതായത് ട്രംപിനേക്കാൾ ഇരട്ടിയിലധികം ആളുകൾ മോദിയെ പിന്തുടരുന്നു. ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ (1.5 കോടി), ബ്രസീൽ പ്രസിഡന്റ് ലുല ഡ സിൽവ (1.44 കോടി) എന്നിവരാണ് തൊട്ടുപിന്നാലെയുള്ളത്. പട്ടികയിലെ ആദ്യ അഞ്ച് പ്രമുഖ നേതാക്കളുടെ മൊത്തം ഫോളോവേഴ്സിനേക്കാൾ കൂടുതലാണ് മോദിയുടെ മാത്രം എണ്ണം എന്നതും ശ്രദ്ധേയമായ വസ്തുതയാണ്.
ഇന്ത്യൻ രാഷ്ട്രീയത്തിലും പ്രധാനമന്ത്രിയുടെ ഡിജിറ്റൽ കരുത്ത് സമാനതകളില്ലാത്തതാണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് 1.61 കോടി ഫോളോവേഴ്സും, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് 1.26 കോടി ഫോളോവേഴ്സുമാണുള്ളത്.
Kerala
കൊച്ചി: സ്കൂളിലേക്കു പോയ പ്ലസ് വൺ വിദ്യാർഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പോലീസ്. ഇൻസ്റ്റഗ്രാം സുഹൃത്തായ കൊറിയൻ സ്വദേശിയായ യുവാവിന്റെ മരണത്തിൽ മനംനൊന്ത് ജീവനൊടുക്കുകയാണെന്ന് കാണിച്ച് പെൺകുട്ടി എഴുതിയ കുറിപ്പ് പോലീസ് കണ്ടെത്തി.
ശാസ്താംമുകൾ കിണറ്റിങ്കൽ വീട്ടിൽ മഹേഷിന്റെ മകൾ ആദിത്യ (16) യെയാണ് ചൊവ്വാഴ്ച മരിച്ച നിലയിൽ കണ്ടെത്തിയത്. ആദിത്യയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് കുറിപ്പ് ലഭിച്ചത്. കഴിഞ്ഞ 19ന് കൊറിയൻ സ്വദേശിയായ യുവാവ് മരിച്ചു. ഇയാളുടെ മരണത്തില്‍ മനംനൊന്ത് ജീവനൊടുക്കുന്നുവെന്നാണ് പെൺകുട്ടി കുറിപ്പിൽ എഴുതിയിരിക്കുന്നത്.
സംഭവത്തിൽ ചോറ്റാനിക്കര പേലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവ് ശരിക്കും മരിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ആദിത്യയുടെ ഫോൺ അടക്കമുള്ള വസ്തുക്കൾ പരിശോധിക്കാനുള്ള തീരുമാനത്തിലാണ് പോലീസ്.
ഇന്ന് രാവിലെ സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെയാണ് മണിക്കൂറുകള്‍ക്കകം മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുപരിസരത്തെ ക്വാറിയോട് ചേര്‍ന്നുള്ള വെള്ളക്കെട്ടിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
മാമലയിലെ ഒരു പാറമടയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു സ്കൂള്‍ ബാഗ് ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഓട്ടോറിക്ഷ ഡ്രൈവറാണ് പോലീസിനെ വിവരം അറിയിച്ചത്. ബാഗ് കണ്ട് സംശയം തോന്നി നാട്ടുകാരും പോലീസും നടത്തിയ പരിശോധനയില്‍ പാറമടയ്ക്കുള്ളിലെ വെള്ളത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.